Last Updated on September 3, 2021 by admin
നഴ്‌സിംഗിൽ ഡോക്ടറേറ്റ് സ്വന്തമാക്കി അയർലണ്ടിലെ കിൽകോക്കിൽ താമസിക്കുന്ന മലയാളിയായ റീന ഐസക്ക്. പാർക്ക് ഹൗസ് നഴ്സിംഗ് ഹോമിൽ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുന്ന റീന ഐസക്ക് ആണ് അധികമാർക്കും ലഭിക്കാത്ത ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. ബാംഗ്ലൂർ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്നുമാണ് റീന ഐസക്ക് ഡോക്ടറേറ്റ് സ്വന്തമാക്കിയത്. കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്നും നഴ്സിംഗ് ബിരുദം പൂർത്തിയാക്കിയ റീന ഐസക്ക്, കോട്ടയം മെഡിക്കൽ കോളേജിൽ നിന്നാണ് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. തുടർന്ന് നഴ്സിംഗ് ട്യൂട്ടറായി ലിസി, ശ്രീ ചിത്തിര ( Staff Nurse ) തുടങ്ങിയ ഹോസ്പിറ്റലുകളിൽ ജോലി ചെയ്ത റീന ഐസക്ക് ഇടക്ക് സൗദിയിലും ജോലി നോക്കിയതിന് ശേഷമാണ് ബാംഗ്ലൂരിൽ പി.എച്.ഡി.ക്കായി ചേർന്നത്. ഇതിനിടയിൽ 2019 ൽ അയർലണ്ടിൽ എത്തുംമ്പോഴേക്കും ഗവേഷണപഠനം ഏറെക്കുറെ പൂർത്തിയായിരുന്നു. വൈവയും മറ്റ് ഫോർമാലിറ്റികളും പൂർത്തിയായത് അയർലണ്ടിൽ ആയിരിക്കുമ്പോൾ ആയിരുന്നു. ഭാര്യക്ക് പൂർണ പിന്തുണയുമായി ഭർത്താവായ ആൽഡ്രിൻ സേവ്യർ പനക്കൽ കൂടെയുണ്ട്. അയർലണ്ടിലെ കിൽകോക്കിൽ താമസിക്കുന്ന ഇവർക്ക് രണ്ട് പെൺമക്കളാണ് ഉള്ളത്. കാഞ്ഞിരമറ്റം കീച്ചേരിക്കുന്നേൽ വെള്ളക്കാട്ടുതടത്തിൽ ഐസക്കിന്റെയും മേരിയുടെയും മകളാണ് റീന ഐസക്ക്. നഴ്‌സിംഗിൽ ഡോക്ടറേറ്റ് നേടിയ റീന ലിസ്സി കോളേജ് ഓഫ് നഴസിംഗിൽ അസോസിയേറ്റ് പ്രൊഫസ്സറായിരുന്ന സമയത്താണ് പിഎച്ച്ഡി പഠനം പൂർത്തിയാക്കിയത്.